ഓര്‍ക്കണമച്ഛനിപ്പോള്‍ പറയുന്നൊരീ
വാക്കുകളെന്നും, മകളേ
നേര്‍ക്കുനേര്‍വന്ന് ചിരിച്ചുകാട്ടുന്നവ-
രൊക്കെ മനുഷ്യരാവില്ല
വല്ലാത്ത കാലമാണിപ്പോള്‍ മനസ്സുകള്‍-
ക്കുള്ളില്‍ മൃഗീയത മാത്രം
ഇല്ലിറ്റു സ്നേഹം, ദയ, ഭയഭക്തികള്‍
തെല്ലുമില്ലാ മനുഷ്യത്വം
നന്മ തിന്മാദികള്‍ വെവ്വേറെ കാണണം
ഉണ്മയും പൊയ്യുമേതെന്നും
അമ്മയും ഞാനും നിനക്ക് നല്‍കീടുന്ന
ഉമ്മ, തിരിച്ചറിയേണം
തൊട്ടതാരെന്നും, അതെന്തിനായിട്ടെന്നും
പെട്ടെന്നു നീ അറിയേണം
ഏട്ടനോ, ഞാനോ തൊടുന്നതില്‍ നിന്നുവേ-
റിട്ടര്‍ത്ഥം എന്തതിനെന്നും
വാക്കിനാല്‍ നോവിച്ചിടാ, മധുരിയ്ക്കുന്ന
വാക്കില്‍ മയങ്ങിവീഴല്ലേ
ഓര്‍ക്കേണമെപ്പൊഴും എന്തുചെയ്യുമ്പൊഴും
ആര്‍ക്കാണതില്‍ ചേതമെന്നും
ഒറ്റയ്ക്ക് പോകണം നീ നിന്റെ പാതയില്‍
മറ്റൊരാളെത്തുംവരേയ്ക്കും
തെറ്റുകണ്ടാല്‍ തിരുത്തീടുവാനച്ഛന്
പറ്റുമോ, അന്നറിയില്ല.
ഓര്‍ക്കുക, അച്ഛനിപ്പോള്‍ നിന്നോടോതിയ
വക്കുകള്‍, എന്നും മകളേ...
Tuesday, September 2, 2008
മകളേ, മറക്കല്ലേ
Posted by KUTTAN GOPURATHINKAL at 8:14 AM
Subscribe to:
Post Comments (Atom)
2 comments:
ഒരു മകളോട് അച്ഛനു പറയാന്‍ പറ്റിയ ഏറ്റവും നല്ല വാക്കുകള്‍ വരികളിലൂടെ കുറിച്ചിട്ടിരിക്കുന്നു.നല്ല വരികള്‍ ..
Best Wishes...!!!!
Post a Comment