സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ


സ്വാഗതം......!!
അക്ഷരങ്ങളെ സ്നേഹിക്കുകയും,ആദരിക്കുകയും,അംഗീകരിക്കുകയുംചെയ്യുന്ന ഏവരേയും സീയെല്ലെസ്‌ബുക്സിലേയ്ക്‌ സ്നേഹപൂര്‍വ്വം സ്വാഗതംചെയ്യുന്നു. .....


തികച്ചും സുതാര്യവും നിഷ്പക്ഷവുമായ ഒരുകുഞ്ഞു സംരംഭമാണിത്‌.സീയെല്ലെസ്ബുക്സിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി സഹകരിക്കുകയും അതിന്റെ വിജയത്തിനു വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുക എന്നതല്ലാതെ ഇതില്‍ അംഗങ്ങളാകുവാന്‍ മറ്റു വ്യവസ്ഥകളൊന്നുമില്ല.


താല്‍പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കുചേരാം.
എഴുതുവാന്‍ കഴിവുള്ളവരുടെ രചനകള്‍ പുസ്തകമാക്കാനുള്ള സൗകര്യം സീയെല്ലെസ്‌ ബുക്സ്‌ ചെയ്തു തരും സൗജന്യ നിരക്കില്‍ ഇതിലെ അംഗങ്ങള്‍ക്ക്‌ പുസ്തകം എത്തിച്ചു കൊടുത്തും,
പുസ്തകശാലകള്‍, മറ്റുമാര്‍ഗ്ഗങ്ങള്‍ഇവയുടെ സഹകരണം ലഭ്യമാക്കിയും വിതരണവും സാദ്ധ്യമാക്കുന്നതാണ്‌.സീയെല്ലെസ്ബുക്സിന്റെ ഈ എളിയ സംരംഭത്തില്‍ ഏവരുടേയും നിസ്വാര്‍ഥ സാന്നിദ്ധ്യം സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുരത്വം അനുഭവിക്കുന്ന മലയാളികളുടെ മനസ്സിന്‌ സാന്ത്വനമാകാന്‍ സിയെല്ലെസ്‌ ബുക്സ്‌ സദാസന്നദ്ധരാണ്‌.
ഒരിക്കല്‍ക്കൂടിസ്വാഗതം ആശംസിച്ചുകൊണ്ട്‌,
വിശ്വസ്തതയോടെ

പ്രസാധകര്‍

Tuesday, September 16, 2008











പ്രിയ സുഹൃത്തേ,

ബിനുവിന്റെ കവിതകള്‍ 'സ്വപ്നങ്ങളിലേക്കുള്ള വഴികള്‍' പുസ്തകമാവുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.. അനുഭവങ്ങളെ അക്ഷരങ്ങളാക്കുന്ന ഈപതിനേഴുകാരന്റെ ഓരോ കവിതയും ശരീരവേദനയില്‍നിന്നുമുള്ള മോചനമാണ്‌.തളിപ്പറമ്പിലെ സീയെല്ലെസ്‌ ബുക്‌സ്‌ ആണ്‌ കവിതകള്‍ പൂര്‍ണ്ണമായും സൗജന്യമായി പ്രസിദ്ധീകരിക്കുന്നത്‌. ബിനുവിണ്ടെ ചില കവിതകള്‍
http://www.binuvinte-kavithakal.blogspot.com/ മില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.പുസ്ത്തകത്തിണ്റ്റെ കവര്‍ പേജ്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌ കമലാലയം രാജന്‍ മാസ്‌റ്ററാണ്‌. വ്യത്യസ്‌തമായ നാലു തരം കവര്‍ പേജുകള്‍. നാലും കൂട്ടുകാര്‍ക്കു മുന്‍പില്‍ സദയം സമര്‍പ്പിക്കുന്നു. താങ്കള്‍ക്ക്‌ ഇഷ്ട്ടപ്പെട്ട കവര്‍ പേജ്‌ തിരഞ്ഞെടുത്ത്‌ ബിനുവിണ്റ്റെ സ്വപ്നങ്ങളെ കരുത്തുറ്റതാക്കണമെന്ന്‌ സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.

ബിനുവിനും പുസ്തകത്തിനും താങ്കളുടെ പിന്തുണയും സഹായവും നിര്‍ദേശങ്ങളും ഉറപ്പാക്കുമല്ലോ...
സ്നേഹപൂര്‍വം,
ബിനുവിന്റെ കൂട്ടുകാര്‍.

വിലാസം
ബിനു എം ദേവസ്യ,
കാരുണ്യ നിവാസ്‌ , നല്ലൂര്‍നാട്‌ P.O.
തോണിച്ചാല്‍ ,മാനന്തവാടി ,വയനാട്‌ ജില്ല - 670645
ഫോണ്‍ : 0091 98465 86810
മറ്റു വിവരങ്ങള്‍ക്ക്‌:
aksharamonline@gmail.com - 0091 94470 25877.






Tuesday, September 2, 2008

മകളേ, മറക്കല്ലേ


ഓര്‍ക്കണമച്ഛനിപ്പോള്‍ പറയുന്നൊരീ
വാക്കുകളെന്നും, മകളേ
നേര്‍ക്കുനേര്‍വന്ന് ചിരിച്ചുകാട്ടുന്നവ-
രൊക്കെ മനുഷ്യരാവില്ല

വല്ലാത്ത കാലമാണിപ്പോള്‍ മനസ്സുകള്‍-
ക്കുള്ളില്‍ മൃഗീയത മാത്രം
ഇല്ലിറ്റു സ്നേഹം, ദയ, ഭയഭക്തികള്‍
തെല്ലുമില്ലാ മനുഷ്യത്വം

നന്മ തിന്മാദികള്‍ വെവ്വേറെ കാണണം
ഉണ്മയും പൊയ്യുമേതെന്നും
അമ്മയും ഞാനും നിനക്ക്‌ നല്‍കീടുന്ന
ഉമ്മ, തിരിച്ചറിയേണം

തൊട്ടതാരെന്നും, അതെന്തിനായിട്ടെന്നും
പെട്ടെന്നു നീ അറിയേണം
ഏട്ടനോ, ഞാനോ തൊടുന്നതില്‍ നിന്നുവേ-
റിട്ടര്‍ത്ഥം എന്തതിനെന്നും

വാക്കിനാല്‍ നോവിച്ചിടാ, മധുരിയ്ക്കുന്ന
വാക്കില്‍ മയങ്ങിവീഴല്ലേ
ഓര്‍ക്കേണമെപ്പൊഴും എന്തുചെയ്യുമ്പൊഴും
ആര്‍ക്കാണതില്‍ ചേതമെന്നും

ഒറ്റയ്ക്ക്‌ പോകണം നീ നിന്റെ പാതയില്‍
മറ്റൊരാളെത്തുംവരേയ്ക്കും
തെറ്റുകണ്ടാല്‍ തിരുത്തീടുവാനച്ഛന്‌
പറ്റുമോ, അന്നറിയില്ല.

ഓര്‍ക്കുക, അച്ഛനിപ്പോള്‍ നിന്നോടോതിയ
വക്കുകള്‍, എന്നും മകളേ...

Monday, June 30, 2008

ഞങ്ങളുടെ ഒന്നാം വാര്‍ഷികം..............

ഞങ്ങള്‍ ചെറിയരീതിയില്‍ ആരംഭിച്ച ഈ സംരംഭത്തിനു ഇന്ന് ഒരു വയസ്സാകുന്നു.....

ഈ കാലം കൊണ്ട്‌ രണ്ടു പുസ്തകങ്ങള്‍ പുറത്തിറക്കുകയും മൂന്നാമത്തെ പുസ്തകത്തിന്റെ അവസാനഘട്ട

പണികള്‍ പൂര്‍ത്തിയാക്കിവരികയുമാണ്.. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍

പുറത്തിറക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌..... അതിന്റെ പ്രവനര്‍ത്തങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു...

ഇതിന്റെ വിജയത്തിനു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍
പ്രതീക്ഷിക്കുന്നു...
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇതിനെ പറ്റിയുള്ള സംശയങ്ങളും.... ഇവിടെ ....

ഉദ്ഘാടനവും ആദ്യകൃതിയുടെപ്രകാശനവും

2007ജൂണ്‍ 30ന്‌വൈകുന്നേരം 5മണിക്ക്‌ പ്രൊഫ: പി.മോഹന്‍ ദാസിന്റെ അദ്ധ്യക്ഷതയില്‍ സീയെല്ലെസ്‌ ബുക്സിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശ്രീ. ടി. പദ്‌മനാഭന്‍, ശ്രീമതി ലീല എം ചന്ദ്രന്റെ "ലൗലി ഡാഫോഡില്‍സ്‌"എന്ന നോവല്‍ ശ്രീ.ടി.എന്‍.പ്രകാശിനു നല്‌കി നിര്‍വഹിച്ചു.
സീയെല്ലെസ്‌ ബുക്സിന്റെ ഈ നൂതന സംരംഭത്തെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം മുക്തകണ്‍ഠം പ്രശംസിച്ചു. മുഖ്യ പ്രഭാഷകന്‍ ശ്രീ.ടി.എന്‍.പ്രകാശ്‌ സീയെല്ലെസ്‌ ബുക്സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ആശംസകള്‍ നേരുകയുംചെയ്തു.
പ്രൊഫ:ഡോ:പ്രിയദര്‍ശന്‍ ലാല്‍ നോവല്‍ സദസ്സിനു പരിചയപ്പെടുത്തി.പെണ്ണെഴുത്തിന്റെ പരാധീനതകളില്ലാതെ പക്വമാര്‍ന്ന ശൈലിയില്‍ സാങ്കേതികത്തികവോടെ രചിക്കപ്പെട്ട നോവലാണ്‌ ലൗലീ ഡാഫോഡില്‍സെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
വായനയുടെ കാര്യത്തില്‍ അലസരായവരും ഈ നോവല്‍ ഒന്നു മറിച്ചു നോക്കാന്‍ മനസ്സുകാണിച്ചാല്‍ അതു വായിക്കുമെന്നകാര്യം ഉറപ്പാണെന്ന് ശ്രീ.പയ്യന്നൂര്‍ കുഞ്ഞിരാമന്‍,ശ്രീ.പി.മഹേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
നിറഞ്ഞ സദസ്സില്‍ മാധ്യമ പ്രവര്‍ത്തകര്‍,ദൂരെദിക്കുകളില്‍ നിന്നും ഇതിനായിമാത്രം എത്തിപ്പെട്ട ഓര്‍ക്കുട്ട്‌ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.ശ്രീമതി ലീല എം.ചന്ദ്രന്‍ ഏവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു......ലളിതമായ ചായ സല്‍ക്കാരത്തോടു കൂടി യോഗം സമംഗളം സമാപിച്ചു......


രണ്ടാം പുസ്തകപ്രകാശനം

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന ശ്രീമതി ശ്രീജ ബാലരാജിന്റെ 'കണ്ണാടിച്ചില്ലുകള്‍' എന്ന കവിതാസമാഹാരം പ്രശസ്ത നിരൂപകനും വാഗ്മിയുമായ പ്രൊഫ: എം.കെ.സാനു പ്രിയ കവി ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.
വേദി: ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാള്‍, എറണാകുളം.സമയം:2007ഡിസംബര്‍ 22ന്‌

കാര്യപരിപാടി
ഈശ്വരപ്രാര്‍ഥന: സ്വാഗതം: ലീല എം ചന്ദ്രന്‍
‍അദ്ധ്യക്ഷന്‍: ശ്രീ കെ.കരുണാകരന്‍[അസ്സി.എക്സൈസ്‌ കമ്മീഷണര്‍(ലോ),എറണാകുളം.
പുസ്തക പ്രകാശനം:പ്രൊഫ:എം.കെ,സാനു
പുസ്തക പരിചയം:ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ആശംസകള്‍:ശ്രീ ബാബു മാത്യു.(സീക്കര്‍,മുംബൈ.):
ശ്രീ :ജയകുമാര്‍ ചെങ്ങമനാട്‌(വൈലോപ്പിള്ളി അവാര്‍ഡ്‌ ജേതാവ്‌):
ശ്രീ :എ.കെ ജോസഫ്‌
കവിതാലാപനം:ശ്രീ.കല്ലറഗോപന്‍
ശ്രീ : പ്രദീപ്‌ സോമസുന്ദരന്‍
മറുവാക്ക്‌: ശ്രീമതി ശ്രീജാ ബാലരാജ്‌.

സീയെല്ലെസ്‌ ബുക്സിന്റെ രണ്ടാമത്തെ പുസ്തകം ശ്രീമതി ശ്രീജ ബാലരാജ്‌ രചിച്ച'കണ്ണാടിച്ചില്ലുകള്‍'എന്ന കവിതാസമാഹാരം ,
എറണാകുളം ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ: എം.കെ.സാനു ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
അറിയപ്പെടുന്ന പ്രസാധകര്‍ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ മടികാണിക്കുന്ന ഈ കാലത്ത്‌ അങ്ങിനെയുള്ളവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്ന സീയെല്ലെസ്ബുക്സിന്റെ ദൗത്യം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് സാനു സാര്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. തന്റെ ശിഷ്യയായ ശ്രീജയുടെ കവിതകള്‍ കാവ്യഗുണം തികഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കവയത്രി എന്നനിലയില്‍ ശ്രീജ അറിയപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ധര്‍മ്മസങ്കടങ്ങളുടെ ശബ്ദരേഖയാണ്‌ ശ്രീജയുടെ കവിതകള്‍ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തന്റെ പ്രസംഗത്തില്‍ അറിയിച്ചു.
സ്നേഹത്തിന്റെ ആഹ്ലാദവും സ്നേഹരാഹിത്യത്തിന്റെ വേദനയും പലതലങ്ങളില്‍, പലരീതികളില്‍ ആവിഷ്കരിക്കുന്ന ഈ രചനാ വൈഭവം നെടുവീര്‍പ്പുകളിലൂടെ നമ്മെ നന്മയിലേയ്ക്ക്‌ ക്ഷണിക്കുകയാണ്‌. ഊഷരമായ ഇന്നത്തെ മനുഷ്യാവസ്ഥയില്‍ അത്ര തന്നെ ധാരാളം എന്ന് അവതാരികയിലും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

ശ്രീജയുടെ ഓരോ കവിതകളും ഒന്നിനൊന്നു മെച്ചപ്പെട്ടവയെന്ന് അദ്ധ്യക്ഷനും ആശംസാ പ്രാസംഗീകരും ഏകകണ്‍ഠമായി അഭിപ്രായപ്പെട്ടു.
ശ്രീ. ബാബു മാത്യു "കണ്ണാടിച്ചില്ലുകളി" ലെകവിതകളെക്കുറിച്ച്‌ നല്ലൊരു പഠനംതന്നെനടത്തിയിരുന്നു. ശ്രീ.കല്ലറ ഗോപന്‍, ശ്രീ.പ്രദീപ്‌ സോമസുന്ദരന്‍ എന്നീ ഗായകര്‍ "കണ്ണാടിച്ചില്ലുകളി"ലെ കവിതകള്‍ ഈണം നല്‍കി പാടിയത്‌ ചടങ്ങിന്റെ ചാരുതയേറ്റി.
ശ്രീമതി ശ്രീജ എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു.